ന്യൂയോർക്ക്: തണുത്ത ഫ്രഞ്ച് ഫ്രൈസ് നൽകിയെന്നാരോപിച്ച് മക് -ഡൊണാൾഡ് ജീവനക്കാരനെ വെടിവെച്ച് വീഴ്ത്തി യുവാവ്. വെടിയേറ്റ ജീവനക്കാരൻ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. ജീവനക്കാരനെ വെടിയുതിർത്ത 20-കാരനായ അക്രമി മൈക്കിൾ മോർഗനെ പോലീസ് കൊലപാതകശ്രമം ചുമത്തി അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ആയുധം കൈവശം വെച്ചതിനുൾപ്പെടെ മോർഗനെതിരെ കേസെടുത്തിട്ടുണ്ട്. 23-കാരനായ കെവിൻ ഹോളോമാനാണ് കൊല്ലപ്പെട്ടത്. മൂന്ന് ബുള്ളറ്റുകൾ കെവിന്റെ ശരീരത്തിൽ പതിച്ചിരുന്നു.
ന്യൂയോർക്കിലെ മക്-ഡൊണാൾഡ് ഷോപ്പിൽ തന്റെ അമ്മയോടൊപ്പമാണ് പ്രതി എത്തിയത്. ഓർഡർ ചെയ്തത് പ്രകാരം ഫ്രഞ്ച് ഫ്രൈസ് കഴിക്കാനെത്തി. എന്നാലിത് തണുത്തുപോയെന്നായിരുന്നു അമ്മയുടെ ആരോപണം. ഇത് സംബന്ധിച്ച് കടയിലെ ജീവനക്കാരെ അമ്മ ചോദ്യം ചെയ്തു. മാനേജറോട് സംസാരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ഇത് കേട്ട് ജീവനക്കാർ ചിരിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തുടർന്നാണ് ഇയാൾ ജീവനക്കാരിൽ ഒരാളായ കെവിനെ വെടിവെച്ച് വീഴ്ത്തിയത്. സംഭവം നടന്ന അന്നുതന്നെ മോർഗൻ അറസ്റ്റിലാകുകയും ചെയ്തു.
ഓഗസ്റ്റ് 2നും അമേരിക്കയിൽ ഇത്തരത്തിൽ വെടിവെപ്പ് നടന്നിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിങ്ടൺ ഡിസിയിലായിരുന്നു സംഭവം.
Comments