തിരുവനന്തപുരം: മുഖ്യമന്ത്രിയെ മാതൃകയാക്കി പഴയ കാറുകൾ മാറ്റാൻ തീരുമാനിച്ച് മറ്റ് മന്ത്രിമാരും. പഴയ കാറുകൾക്ക് പകരം പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാനാണ് മന്ത്രിമാരുടെ നീക്കം. രണ്ടര കോടി രൂപയാണ് ഇതിനായി ചിലവു വരുക.
10 കാറുകളാണ് പുതുതായി വാങ്ങാനൊരുങ്ങുന്നത്. ഇതിൽ എട്ട് കാറുകളാകും മന്ത്രിമാർക്ക് നൽകുക. രണ്ടെണ്ണം വിഐപി യാത്രകൾക്കായി മാറ്റിവയ്ക്കും. നിലവിലെ കാറുകൾക്ക് കാലപ്പഴക്കം വന്നതിനാൽ അടിക്കടി തകരാർ സംഭവിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉൾപ്പെടെയുള്ളവർ ടൂറിസം വകുപ്പിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കാറുകൾ മാറ്റാൻ തീരുമാനിച്ചത്.
അതേസമയം സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് രണ്ടര കോടി ചിലവിട്ടുള്ള സർക്കാർ ധൂർത്ത്. ലക്ഷങ്ങൾ ചിലവിട്ട് കറുത്ത ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പൊതുജന രോഷം ഉയർന്നുവന്നിരുന്നു. ഇത് കെട്ടടങ്ങും മുൻപാണ് വീണ്ടും കാറുകൾ വാങ്ങാനുള്ള തീരുമാനം.
Comments