ന്യൂഡൽഹി: നീതി ആയോഗ് പരിപാടിയിൽ പങ്കെടുക്കാനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിൽ . അടുത്ത നാലു ദിവസം മമതബാനർജി ഡൽഹിയിൽ തങ്ങും. നിതി ആയോഗ് പരിപാടിയിൽ പങ്കെടുക്കാനാണ് മമത പ്രധാനമായും ന്യൂഡൽഹി സന്ദർശിക്കുന്നത്, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് സാധ്യതയുണ്ടെന്നും ടിഎംസി വൃത്തങ്ങൾ അറിയിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും മമത സന്ദർശിച്ചേക്കും. ആഗസ്റ്റ് ഏഴിനാണ് നീതി ആയോഗ് പരിപാടി.
ടിഎംസി രാജ്യസഭാംഗം സുഖേന്ദു ശേഖർ റോയിയുടെ വസതിയിൽ പാർട്ടി എംപിമാരുമായും മമതാ ബാനർജി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് ഇതര പ്രതിപക്ഷ നേതാക്കളുമായി ടിഎംസി മേധാവി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെച്ചായിരിക്കും കൂടിക്കാഴ്ച . തിങ്കളാഴ്ച മമത കൊൽക്കത്തയിലേക്ക് മടങ്ങുമെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.
ബംഗാളിലെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് ശേഷമാണ് മമത ഡൽഹിയിലേക്ക് എത്തുന്നത്. അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്ന പാർഥ ചാറ്റർജി അറസ്റ്റിലായി ദിവസങ്ങൾക്കു ശേഷമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽനിന്ന് നീക്കിയിരുന്നു.സ്നേഹാശിഷ് ചക്രവർത്തി, പാർഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ, തജ്മുൽ ഹുസൈൻ, സത്യജിത് ബർമാൻ എന്നിവരാണ് ബാബുൽ സുപ്രിയോയെ കൂടാതെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി ബിർബഹ ഹൻസ്ദയും ബിപ്ലബ് റോയ് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്ന ബാബുൽ സുപ്രിയോ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
Comments