തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതു കടം വർദ്ധിച്ചിട്ടില്ല എന്നും മാദ്ധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുകയാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരളം വലിയ കടക്കെണിയിലാണ് എന്ന നിലയിലുള്ള കുപ്രചരണങ്ങൾ അരങ്ങു തകർക്കുകയാണ്. എന്നാൽ പൊതു കടം മുൻ വർഷങ്ങളേക്കാൾ കുറവ് ആണെന്നാണ് മന്ത്രിയുടെ വിശദീകരണം. ഫേയ്സ്ബുക്കിലൂടെയാണ് ബാലഗോപാലിന്റെ പ്രതികരണം.
ഭീമമായ തരത്തിൽ കടം വർദ്ധിച്ചിട്ടില്ല. പത്രത്തിൽ വരുന്ന വാർത്തകൾ കണ്ടാൽ ജനങ്ങൾ ഭയപ്പെടും. മുമ്പുള്ള കാലങ്ങളേക്കാൾ പത്തിരട്ടി വരുമാനം കേരളത്തിൽ വർദ്ധിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങൾ കണക്കുകൾ പെരുപ്പിച്ചു കാണിക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. പഴയ പോലെയല്ല, ഇപ്പോൾ കേരളം എടുക്കുന്ന കടം ആകെ വരുമാനത്തിൽ നിന്ന് അടച്ചുതീർക്കാൻ കഴിയുന്നത് മാത്രമാണെന്നും എല്ലാ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ്. ആകെ ജീഡിപിയുടെ 69 ശതമാനമാണ് കേന്ദ്രത്തിന്റെ കടം. കേരളത്തിന്റെ കടം സംസ്ഥാന ജിഎസ്ഡിപിയുടെ 36 ശതമാനം മാത്രമാണ്. സംസ്ഥാനത്തിന്റെ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കടത്തിന്റെ ശതമാനം ഭീമമായി വർദ്ധിച്ചിട്ടില്ല എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് വിശദീകരണമെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു.
Comments