മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ കോൺഗ്രസ് വനിതാ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. ഉച്ചക്ക് 12.30. ഓടെ നഗരസഭ ഓഫീസിലെ ജനകീയാസൂത്രണ റൂമിലാണ് സംഭവം. നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണ് എതിരെ അവിശ്വാസപ്രമേയം പാസ്സാക്കിയതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭയിൽ തർക്കം നിലനിന്നിരുന്നു.വൈസ് ചെയർപഴ്സൻ സിനി ബിജു, ജോയ്സ് മേരി ആന്റണി, അവിശ്വാസം കൊണ്ടുവന്ന പ്രമീള ഗിരീഷ്കുമാർ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രമീള ഗിരീഷ് കുമാറിന്റെ മുടി മറ്റ് കോൺഗ്രസ് കൗൺസിലർമാർ ചേർന്ന് മുറിച്ചുവെന്നും പരാതിയുണ്ട്.
മുഖത്തും കൈകളിലും കഴുത്തിലും പരിക്കേറ്റ പ്രമീള ഗിരീഷ്കുമാറിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനി ബിജുവും, ജോയ്സ് മേരി ആന്റണിയും മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിലും ചികിത്സ തേടിയിട്ടുണ്ട്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജശ്രീ രാജുവിനെതിരെ എൽ.ഡി.എഫിന്റെ സഹായത്തോടെ കോൺഗ്രസ് കൗൺസിലർ പ്രമീള ഗിരീഷ്കുമാർ അവിശ്വാസ പ്രമേയം കൊണ്ടുവന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതുമായി ബന്ധപ്പെട്ട് പ്രമീള ഗിരീഷ് കുമാറും ജോയ്സ് മേരി ആന്റണിയും സിനി ബിജുവും തമ്മിൽ നിരന്തരം തർക്കമായിരുന്നു. ഒടുവിൽ അവിശ്വാസപ്രമേയത്തിന്റെ പേരിലുള്ള തർക്കം വ്യക്തി ബന്ധങ്ങളെയും കുടുംബത്തെയും ആക്ഷേപിച്ചു സംസാരിക്കുന്നതിലേക്ക് എത്തി നിന്നു. ഇതിന്റെ പേരിൽ പരസ്പരം അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഏറ്റുമുട്ടൽ നടന്നത്.
നഗരസഭയിലെ ജനകീയാസൂത്രണ ഓഫീസിൽ ഇരിക്കുകയായിരുന്ന തന്നെ വൈസ് ചെയർപേഴ്സൺ സിനി ബിജുവും കൗൺസിലർ ജോയ്സ് മേരിയും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പ്രമീളയുടെ പരാതി. കത്രിക ഉപയോഗിച്ച് തന്റെ മുടി മുറിക്കുകയും ചെയ്തു. മുഖത്തും ദേഹത്തും മുറിവേറ്റപാടുകളോടെ രക്തത്തിൽ കുളിച്ചാണ് പ്രമീളയെ മറ്റ് കൗൺസിലർമാർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. നഗരസഭയിൽ കയറ്റുകയില്ലെന്നും വന്നാൽ കൈകാര്യം ചെയ്യുമെന്നും തനിക്ക് ഭീഷണി ഉണ്ടായിരുന്നതായും പ്രമീള പറഞ്ഞു.
എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് സിനി ബിജുവും ജോയ്സ് മേരിയും പറയുന്നത്. ജനകീയാസൂത്രണ ഓഫീസിലേക്ക് സംസാരിക്കണമെന്ന് പ്രമീള പറഞ്ഞ് തങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. ഓഫീസിൽ പ്രവേശിച്ച ഉടനെ വാതിലടച്ചുവെന്നും തുടർന്ന് പ്രമീള തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നും ജോയ്സ് മേരി പറഞ്ഞു.
Comments