ഇസ്ലമാബാദ്: പ്രകോപനപരമായ പരമാർശങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് പാകിസ്താൻ മുൻമന്ത്രി ഷെയ്ഖ് റഷീഗ് അഹമ്മദ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ തെഹ് രീകെ ഇൻസാഫിന്റെ മുതിർന്ന നേതാവായ ഷെയ്ഖ് റഷീദ് വിചിത്രമായ ഒരു സംഭവത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ടെലിവിഷനിലെ സംവാദത്തിനിടെ തുപ്പിയ ഷെയ്ഖ് റഷീദിന്റെ വീഡിയോ ആണ് ചർച്ചകൾക്ക് തുടക്കമിട്ടത്. പാക് മാദ്ധ്യമപ്രവർത്തകയായ നൈല ഇനായത്ത് പങ്കുവെച്ച വീഡിയോയിൽ ഷെയ്ഖ് റഷീദ് സംവാദത്തിനിടെ പ്രകോപിതനാകുകയും തുപ്പുന്നതും വ്യക്തമായി കാണാം.
അവതാരക പാകിസ്താൻ ആഭ്യന്തര മന്ത്രി റാണ സനാഉല്ല പിടിഎ പാർട്ടിയെക്കുറിച്ച് നടത്തിയ പരാമർശത്തെ പറ്റി ചോദിച്ചപ്പോൾ നൽകിയ മറുപടിയ്‌ക്കിടയിലാണ് തുപ്പിയത്. റാണാ സനാഉല്ലയെ നിയന്ത്രിക്കാൻ ഞാൻ ജനറൽ ഖമർ ബജ്വയോട് അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഉപയോഗിക്കുന്ന തരം ഭാഷ, ആരെങ്കിലും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സുരക്ഷാ സേന അദ്ദേഹത്തെ സല്യൂട്ട് ചെയ്യുമോ? അവർ അവന്റെ മേൽ തുപ്പും. എന്ന് പറഞ്ഞാണ് തുപ്പിയത്.
ഇമ്രാൻ ഖാന്റെ പാർട്ടിയെ വിദേശ ഫണ്ട് പാർട്ടിയായി പ്രഖ്യാപിക്കാമെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞതിന് പിന്നാലെയാണ് ഷെയ്ഖ് റഷീദിന്റെ വിചിത്രമായ പെരുമാറ്റം. പിടിഐ അക്കൗണ്ടുകൾ മറച്ചുവെക്കുകയും സാമ്പത്തിക രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്തതായും ആഭ്യന്തരമന്ത്രി ആരോപിച്ചിരുന്നു.
പാകിസ്താൻ തെഹ്രീകെ ഇൻസാഫിന് നിരോധിത സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചതായി അടുത്തിടെ തെളിഞ്ഞിരുന്നു. ഇതിനെ ചൊല്ലി പാർട്ടികൾ തമ്മിൽ വാക്‌പോര് നടക്കുന്നതിനിടെയാണ് മുൻമന്ത്രിയുടെ വിവാദ പെരുമാറ്റം. സംസ്‌കാരശൂന്യത എന്നാണ് മുൻ മന്ത്രിയുടെ പെരുമാറ്റത്തെ പലരും വിശേഷിപ്പിച്ചത്.
Comments