കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ യൂണിഫോം,മിക്സഡ് സ്കൂൾ എന്നീ നയങ്ങൾക്കെതിരെ വിമർശനവുമായി സമസ്ത വിദ്യാർത്ഥി വിഭാഗം എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ.
ആണും പെണ്ണും ഇടകലർന്നിരുന്നാലും ഒരേവസ്ത്രം ധരിച്ചാലും ലിംഗസമത്വമുണ്ടാവുമെന്ന് പറയുന്ന പഠനം സർക്കാരിന്റെ കൈവശമുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
60 ലക്ഷം വിദ്യാർത്ഥികളും രണ്ടര ലക്ഷം അധ്യാപകരുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ശതമാനത്തിന്റെ പിന്തുണ പോലും ലഭിക്കാത്ത ഇത്തരം പരിഷ്കരണം മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.
ഇടയ്ക്കിടെ വിദ്യാഭ്യാസ മന്ത്രിയുടെ ഔദാര്യ പ്രസ്താവനകൾ വരുന്നുണ്ട്. ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല. മിക്സഡ് ക്ലാസ്സുകൾ ആരംഭിക്കണമെങ്കിൽ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും തീരുമാനിച്ച് സർക്കാരിനെ അറിയിക്കണം. ഇതിലൂടെ ലിംഗസമത്വം നടപ്പാക്കാൻ കഴിയുമെന്ന് സർക്കാരിന് തന്നെ ആത്മവിശ്വാസമില്ലേ? അങ്ങനെയെങ്കിൽ ഇത്തരം കാര്യങ്ങൾ പൂർണമായി ഉപേക്ഷിച്ചുകൂടേ? അതോ തങ്ങളുടെ ആശങ്ങൾ പരസ്യമായി പറയാൻ പരിമിതിയുണ്ടോ എന്ന് സത്താർ പന്തല്ലൂർ ചോദിച്ചു.
ഭരണഘടനയിൽ പറയുന്ന തുല്യതയെ മറയാക്കിയാണല്ലോ പലപ്പോഴും ഇതിന് നിയമപരിരക്ഷയുണ്ടാക്കുന്നത്. ഭരണഘടനയിൽ പറയുന്ന തുല്യതയും ഈ ഇടകലർത്തലും വസ്ത്രവും എന്ത് ബന്ധമാണുള്ളത്? ധാർമികതയും സദാചാരബോധവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ശരാശരി മലയാളി ഇത് അനുവദിക്കുകയുമില്ല. മുൻ എം.എൽ.എമാരായ ബൽറാം, ശബരീനാഥ് തുടങ്ങിയ വലത് ലിബറലുകൾക്കും ഇത് ബാധകമാണെന്നും സത്താർ വ്യക്തമാക്കി.
Comments