കോഴിക്കോട്: കോടിക്കൽ കടപ്പുറത്തു നിന്നും കണ്ടെത്തിയ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതു തന്നെ. മാതാപിതാക്കളുടെയും, മൃതദേഹത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലം ഒന്നാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്പിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചു. രണ്ട് ഫലങ്ങളും തമ്മിൽ സാമ്യമുണ്ടായിരുന്നു. കൊലപാതകം എന്ന രീതിയിലാണ് പോപോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണക്കടത്ത് സംഘം തന്നെയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ നിരവധി ആളുകൾക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.
വിദേശത്തുള്ള സാലിഹിനെ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇയാളെ നാട്ടിലെത്തിക്കും. മൃതദേഹം ദീപക്കിന്റേതാണെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ദീപക്കിന്റെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി വ്യക്തമാക്കി.
ജൂലൈ ആറിനാണ് ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയത്. ഇതിന് പിന്നാലെ ഇർഷാദിന്റെ മാതാ പിതാക്കളുടെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം 17 ന് ഇർഷാദിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനത്തിൽ നിന്നും ഇർഷാദ് പുഴയിലേക്ക് ചാടിയെന്നാണ് സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്്. ജൂലൈ 16 ന് കാറിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. ഇതിനിടെയാണ് മേപ്പയൂർ സ്വദേശിയായ ദീപകിനെയും കാണാതെയായത്.
Comments