തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞുവെന്ന് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽപെടുത്താനായുള്ള PWD 4 U ആപ്പിന്റെ പ്രവർത്തനം സജീവമായി ആരംഭിച്ചിട്ട് ഒരു വർഷമായി എന്ന് റിയാസ് പറഞ്ഞു. ജനങ്ങൾക്ക് പരാതി നേരിൽ അറിയിക്കുവാൻ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട് എന്നതിനാലാണ് ആപ്പ് സജീവമാക്കിയതെന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
PWD4U ആപ്പ് സംവിധാനത്തോട് ജനങ്ങൾ തുടക്കം മുതൽ സഹകരിച്ചു. ഇതിനോടകം നിരവധി പരാതികൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ സംവിധാനത്തിന്റെ പോരായ്മളെ കുറിച്ച് ചില പരാതികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ലഭ്യമായിട്ടുണ്ടെന്നും അത് സ്വഭാവികം മാത്രമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നവീന ആശയങ്ങൾക്ക് തിളക്കമേകാൻ ചൂണ്ടികാട്ടലുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ അറിയിച്ച പരാതികൾ റിവ്യൂ യോഗം വിളിച്ചു ചേർത്ത് പരിശോധിച്ചിരുന്നു. ജനങ്ങൾ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ച് PWD4U ആപ്പ് കൂടുതൽ ജനകീയമാവുകയാണ്. സോഷ്യൽ മീഡിയ വഴിയും ഫോണിലൂടെയും പരാതികൾ അറിയിക്കാം. ഈ നീക്കം PWD4U ആപ്പിന്റെ വിശ്വാസ്യത വാനോളം ഉയർത്തുവാൻ സഹായകരമാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Comments