ഹൈദരാബാദ്: എയർ പിസ്റ്റൽ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പത്ത് വയസുകാരന് പരിക്കേറ്റു. സംഭവത്തിൽ അഫ്സർ എന്ന 32-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എയർ പിസ്റ്റൽ പ്രയോഗിക്കവെ അബദ്ധത്തിലായിരുന്നു കുട്ടിക്ക് നേരെ അഫ്സർ വെടിയുതിർത്തത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഹൈദരാബാദിലാണ് കേസിനാസ്പദമായ സംഭവം.
മൂന്ന് വർഷം മുമ്പ് തെലങ്കാനയിലെ അബിഡ്സിലെ ഒരു കടയിൽ നിന്നായിരുന്നു അഫ്സർ എയർ പിസ്റ്റൽ വാങ്ങിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ചുമരിലിരിക്കുന്ന ഒരു പല്ലിയെ വെടിവെക്കാൻ അഫ്സർ ശ്രമിച്ചപ്പോഴാണ് അയൽവീട്ടിലെ കുട്ടിയായ പത്ത് വയസുകാരന് അബദ്ധത്തിൽ പരിക്കേറ്റത്. കുട്ടിയുടെ നട്ടെല്ലിനായിരുന്നു പരിക്ക്.
ഉടൻ തന്നെ കുട്ടിയെ വിരിഞ്ചി ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് ബഹദൂർപുരയിലെ ഗ്രേസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. നിലവിൽ 10-വയസുകാരൻ ആരോഗ്യനില വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments