ലക്നൗ : അയോധ്യ രാമ ക്ഷേത്ര നിർമ്മാണത്തിന്റെ പണികൾ 40 ശതമാനം പൂർത്തിയായി. ക്ഷേത്രത്തിന്റെ ഒന്നാം നില 2024 ന്റെ തുടക്കത്തോടെ പൂർത്തിയാവും. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്ന് ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന എൻജിനീയർമാർ വ്യക്തമാക്കി.
‘ രണ്ട് വർഷം മുമ്പാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി രാമ ക്ഷേത്ര നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. നിലവിൽ 40 ശതമാനം നിർമ്മാണ പ്രവർത്തികളാണ് പൂർത്തിയായിരിക്കുന്നത്. ശ്രീകോവിലിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര സ്തംഭത്തിന്റെ നിർമ്മാണം പൂർത്തിയായി. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് നിറത്തിലുള്ള മണൽക്കല്ലാണ് ക്ഷേത്രത്തിന്റെ ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ‘ . നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എൻജിനീയർ ജഗതീഷ് പറഞ്ഞു.
ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് രാജസ്ഥാനിലെ മക്രാന മലനിരകളിൽ നിന്നുള്ള വെള്ള മാർബിളുകളാണ്.8 മുതൽ 9 ലക്ഷം ക്യുബിക് അടി കൊത്തിയെടുത്ത മണൽക്കല്ലുകൾ, 4.70 ലക്ഷം ക്യുബിക് അടി കൊത്തിയെടുത്ത പിങ്ക് മണൽക്കല്ല്, 6.37 ലക്ഷം ക്യുബിക് അടി കൊത്തുപണികളില്ലാത്ത കരിങ്കല്ല്, 13,300 ക്യുബിക് അടി മക്രാന വെള്ള കൊത്തുപണികളുള്ള മാർബിൾ എന്നിവയാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
ജൂണിൽ നടന്ന ശ്രീകോവിലിന്റെ തറക്കല്ല് ഇടൽ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. 2024 ലെ ലോക സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രം ഭക്തർക്കായി തുറന്ന കൊടുക്കാനാണ് നിലവിൽ സർക്കാർ ശ്രമിക്കുന്നത്.
Comments