ന്യൂഡൽഹി: കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നല്കാൻ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് അപ്പോയ്ൻമെൻറ് കമ്മിറ്റിയാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. 2019 ആഗസ്തിൽ പി കെ സിൻഹയുടെ സ്ഥാനാരോഹണത്തിനു ശേഷമാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചത്. 2021ലും അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കമ്മിറ്റിയിൽ 2023 ആഗസ്ത് 30 വരെ സ്ഥാനത്ത് തുടരാൻ വീണ്ടും അനുമതി ലഭിക്കുകയായിരുന്നു.
ഝാർഖണ്ഡ് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നഗരകാര്യ മന്ത്രാലയം സെക്രട്ടറി എന്നി സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒരു തവണ അന്താരാഷ്ട്ര നാണയ നിധിയിൽ ( ഐ എം എഫ് ) ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. രാജ്യത്തെ സുപ്രധാന തീരുമാനങ്ങളുടെ പ്രധാനികളിൽ ഒരാളായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 പോലുള്ള രാജ്യത്തെ സുപ്രധാന ബില്ലുകൾ നടപ്പിലാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ രൂപീകരണ കമ്മിറ്റിയിലെ ആസൂത്രകരിൽ ഒരാളായിരുന്നു ഗൗബ.
രാജ്യത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിൽ അണിയറയിൽ പ്രവർത്തിച്ചവരിൽ ഒരാളാണ് ഗൗബ. എം എച്ച് എ യിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ എൽ ഡബ്ല്യൂഇ യെ പ്രതിരോധിക്കാൻ 2015ൽ നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. ഈ പ്രവർത്തനം മാവോയിസ്റ്റുകളുടെ സ്വാധീന മേഖലകളുടെ വ്യാപനം കുറയാൻ കാരണമായി. കൂടാതെ ഝാർഖണ്ഡിൽ പ്രൊഫഷണലുകളുടെ ലാറ്ററൽ എൻട്രി, പുനർനിർമ്മാണം, മന്ത്രാലയങ്ങളുടെ വലുപ്പം കുറയ്ക്കൽ, തൊഴിൽ പരിഷ്കരണങ്ങൾ തുടങ്ങി നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ അദ്ദേഹം നടപ്പിലാക്കി.
Comments