യുഎഇ; യുഎഇയുടെ ആദ്യത്തെ ബാറ്ററി റീസൈക്ലിംഗ് സെന്ററിന്റെ നിർമ്മാണം റാസ് അൽ ഖൈമയിൽ ആരംഭിക്കാൻ തീരുമാനമായി. 62.4 മില്യൺ ദിർഹം മുതൽമുടക്കിൽ റോയൽ ഗൾഫ് ഇൻഡസ്ട്രീസാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതിവർഷം 35,000 മെട്രിക് ടൺ വരെ ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികൾ റീസൈക്കിൾ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 21,500 ടൺ ലെഡ് ഇൻകോട്ടുകളും 2,400 മെട്രിക് ടൺ പ്ലാസ്റ്റിക് ഗ്രാന്യൂളുകളും ഉത്പാദിപ്പിക്കും.
പുതിയ ലെഡ് ആസിഡ് ബാറ്ററികളുടെയും കെയ്സുകളുടെയും നിർമ്മാണത്തിനായി ഈ രണ്ട് വസ്തുക്കളും ഇന്ത്യ, ജപ്പാൻ, കൊറിയ, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഇതോടെ യുഎഇയിൽ ഉൽപ്പാദിപ്പിക്കുന്ന ലെഡ് ആസിഡ് ബാറ്ററി സ്ക്രാപ്പിന്റെ 58 ശതമാനവും റീസൈക്കിൾ ചെയാൻ ഈ പദ്ധതി സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രമേണ ലോകമെമ്പാടുമുള്ള ബാറ്ററി സ്ക്രാപ്പുകൾ ശേഖരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും , അതോടെ റാസ് അൽ ഖൈമയെ റീസൈക്ലിംഗ് പ്രവർത്തനങ്ങളുടെ പ്രധാന സ്ഥലമായി ഉയർത്താൻ ഈ പദ്ധതികൾക്ക് സാധിക്കുമെന്നും റോയൽ ഗൾഫ് ഇൻഡസ്ട്രീസ് ചെയർമാൻ ഹനുമാൻ മൽ നഖാത് പറയുന്നു. 2022 ന്റെ അവസാന പകുതിയോടെ പ്രവർത്തനം ആരംഭിക്കുന്ന യൂണിറ്റിലേക്ക് ഇരുനൂറോളം തൊഴിൽ അവസരങ്ങളും ഉണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി .
Comments