ന്യൂഡൽഹി: ഓഫീസുകളിലെ തമ്പ്രാൻ മനോഭാവം അവസാനിപ്പിച്ച് പണിയെടുക്കാൻ തയ്യാറാകണമെന്ന് ബി എസ് എൻ എൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. വഹിക്കുന്ന പദവിക്കും വാങ്ങുന്ന ശമ്പളത്തിനും അനുസരിച്ച് ജോലി ചെയ്യാൻ താത്പര്യമില്ലാത്തവർ സർവീസിൽ തുടരണമെന്ന് നിർബ്ബന്ധമില്ല. അവർക്ക് സ്വയം വിരമിച്ച് വീട്ടിൽ പോകാവുന്നതാണ്. അല്ലാത്ത പക്ഷം അവർക്ക് നിർബ്ബന്ധിത വിരമിക്കൽ നൽകി പറഞ്ഞയക്കേണ്ടി വരുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബി എസ് എൻ എല്ലിനെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ അടുത്തയിടെ 1.64 ലക്ഷം കോടി രൂപയുടെ നവീകരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ, സ്വകാര്യ കമ്പനികളോട് മത്സരിച്ച് വിപണി പിടിക്കേണ്ട ഉത്തരവാദിത്തം ബി എസ് എൻ എല്ലിലെ അറുപത്തി രണ്ടായിരത്തോളം വരുന്ന ജീവനക്കാർക്ക് കൂടി ഉള്ളതാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളും മികച്ച സേവനവുമായി സ്വകാര്യ കമ്പനികളിലെ ജീവനക്കാർ ഉപഭോക്താക്കളെ സ്വീകരിക്കുമ്പോൾ മിക്ക ടെലിഫോൺ എക്സ്ചേഞ്ചുകളിലും ബി എസ് എൻ എൽ ഓഫീസുകളിലും വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാടുകൾ പോലുമില്ല. ഇത്തരം പ്രവൃത്തികൾക്ക് ഒരു ന്യായീകരണവുമില്ല. ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രകടനം സർക്കാർ കൃത്യമായി വിലയിരുത്തും. ഇതുവരെയും എല്ലാ പ്രശ്നങ്ങളിലും സർക്കാർ കമ്പനിക്കും ഉദ്യോഗസ്ഥർക്കും ഒപ്പം നിന്നു. ഇനിയും അത് ഉണ്ടാകും. എന്നാൽ ജോലിയിൽ വീഴ്ച വരുത്തുന്നവരെ ഒരു കാരണവശാലും കമ്പനി ചുക്കേണ്ട കാര്യമില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ടെലികോം മേഖലയുടെ വികസനം കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും സർക്കാർ തയ്യാറല്ല. ടെലികോം മേഖലയുടെ വികസനത്തിനായി ചട്ടങ്ങളിൽ സമൂലമായ പരിഷ്കാരം കൊണ്ടു വരുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി വിശദീകരിച്ചു.
Comments