ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് പൊട്ടിത്തെറിച്ച് പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ക്വറ്റയിലെ ഹസാർ ഗഞ്ചിയിൽ രാവിലെയോടെയായിരുന്നു സംഭവം.
ഹസാർ ഗഞ്ച് മാർക്കറ്റിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. ഇരു ചക്രവാഹനത്തിൽ സ്ഥാപിച്ചിരുന്ന ബോംബ് ആണ് പൊട്ടിത്തെറിച്ചത്. ബോംബ് സ്ഥാപിച്ച ശേഷം അക്രമി മാർക്കറ്റിനുള്ളിൽ ഇരു ചക്രവാഹനം ഉപേക്ഷിക്കുകയായിരുന്നു. മാർക്കറ്റിൽ വലിയ തിരക്കുള്ള നേരത്താണ് സ്‌ഫോടനം ഉണ്ടായത്.
പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കെട്ടിടങ്ങൾ ഭാഗീകമായി തകർന്നിട്ടുണ്ട്. മാർക്കറ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം പാകിസ്താനിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം ബലൂചിസ്താനിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
Comments