ഗാസ: പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ. ഇസ്ലാമിക് ജിഹാദ് റോക്കറ്റാക്രമണങ്ങൾക്കെതിരെ വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയ ഇസ്രയേൽ, നിരവധി ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങൾ തകർത്തു. ഇസ്രയേൽ പ്രതിരോധ സേന നടത്തിയ പ്രത്യാക്രമണത്തിൽ 2 ഉന്നത പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് കമാൻഡർമാർ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു.
തെക്കൻ ഗാസ മുനമ്പിലെ ഇസ്ലാമിക് ജിഹാദ് കമാൻഡർ ഖാലിദ് മൻസൂർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിലെ ഇസ്ലാമിക് ജിഹാദ് കമാൻഡറായ തായ്സിർ അൽ ജബാരിയും കൊല്ലപ്പെട്ടതായി പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണം ഇസ്രയേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ആക്രമണങ്ങളാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഇസ്രയേൽ തിരിച്ചടിച്ചു. മറിച്ചുള്ള ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചു.
വെള്ളിയാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടലുകളിൽ 250 പലസ്തീനികൾക്ക് പരിക്കേറ്റു എന്നാണ് വിവരം. പലസ്തീനിൽ നിന്നും 400ൽ പരം റോക്കറ്റുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി ഭീകരർ തൊടുത്തു വിട്ടു. എന്നാൽ ഇവയിലെ ഭൂരിപക്ഷം റോക്കറ്റുകളും മിസൈൽ വേധ ഡോം ഉപയോഗിച്ച് ഇസ്രയേൽ തകർത്തു.
Comments