ന്യൂഡൽഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്(സിഎസ്ഐആർ) മേധാവിയായി സീനിയർ സയന്റിസ്റ്റ് ഡോ. നല്ലതമ്പി കലൈളെൽവിയെ നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്.
ഡോ. ശേഖർ മാണ്ഡെയുടെ പിൻഗാമിയായാണ് കലൈശെൽവി നിയമിതയാവുന്നത്. രണ്ട് വർഷത്തേക്കാണ് നിയമനം. ശേഖർ മാണ്ഡെ ഏപ്രിലിൽ വിരമിച്ചിരുന്നു. ഇതിനുശേഷം ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്കായിരുന്നു സിഎസ്ഐആറിന്റെ അധിക ചുമതല.
നിലവിൽ കാരക്കുടിയിലെ സെൻട്കൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് കലൈശെൽവി. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും കലൈശെൽവിയായിരുന്നു.
കലൈശെൽവിയുടെ പേരിൽ 125 ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്റുകളുമുണ്ട്. നിലവിൽ സോഡിയം- അയൺ/ലിഥിയം- സൾഫർ ബാറ്ററികളുടെയും സൂപ്പർകപ്പാസിറ്ററുകളുടെയും ഡെവലപ്പ്മെന്റിൽ ഏർപ്പെട്ടിരിക്കുകയാണ്. ഗവേഷണത്തിൽ 25 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ചെറിയ പട്ടണമായ അംബാസമുദ്രം സ്വദേശിയാണ് കലൈശെൽവി.
1942ൽ സ്ഥാപിതമായ രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് സിഎസ്ഐആർ
Comments