ദിസ്പൂർ: ബംഗ്ലാദേശി നിരോധിത സംഘടനയായ അൻസാറുൾ ഇസ്ലാമുമായി ബന്ധമുള്ള യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ധ്രുബി സ്വദേശിനിയായ ജഹൂറ ഖത്തൂനാണ് അറസ്റ്റിലായത്.സംഘടനയുമായി ബന്ധമുള്ള ഇവരുടെ ഭർത്താവ് അബു തല്ലയും ഞായറാഴ്ച നേറൽഗ പാർട്ട് ഗ്രാമത്തിൽ നിന്ന് പിടിയിലായതായി ബിലാസിപ്പാറ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ബിരിഞ്ചി ബോറ വ്യക്തമാക്കി. നിരോധിത സംഘടനയുമായി ബന്ധമുള്ളവർക്ക് സഹായം നൽകിയിരുന്നതായി യുവതി സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായ യുവതിയിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അതിൽ ഒന്ന് കത്തിയ നിലയിലായിരുന്നെന്നും അതിൽ നിന്നും നിന്ന് ഡാറ്റ വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. യുവതി ഈ ഫോണുകൾ ഉപയോഗിച്ച് അൻസാറുൾ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതിന് തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഘാത്തൂണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ബന്ധമുള്ള അഞ്ച് കേന്ദ്രങ്ങൾ തകർത്തിരുന്നു.അസം, ജിഹാദി പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആദ്യമായി തീവ്രവാദ സംഘത്തെ തകർക്കുന്നത് മാർച്ചിലായിരുന്നു. ബാർപേട്ടയിൽ അഞ്ചുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.പിന്നീട് 30-ലധികം പേരെയും പിടികൂടിയിരുന്നു. മോറിഗാവിൽ മദ്രസ നടത്തുന്ന ഇമാം ഉൾപ്പെടെ രണ്ടുപേരെയും പോലീസ് സംഘം കഴിഞ്ഞ മാസം പിടികൂടി. ഭീകരർക്ക് സഹായം നൽകിയിരുന്ന മദ്രസയും തകർത്തു.
Comments