തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ അസാധുവായി. ഇന്നലെ രാത്രി 12 മണി വരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് നിയമസാധുത ഉണ്ടായിരുന്നത്. ഇവ റദ്ദായതോടെ ഓര്‍ഡിനന്‍സുകള്‍ വരുന്നതിന് മുന്‍പുള്ള നിയമം നിലനില്‍ക്കും. റദ്ദാക്കപ്പെടുന്നവയില്‍ ഏഴു പ്രാവശ്യം വരെ പുതുക്കിയ ഓര്‍ഡിനന്‍സുകളുമുണ്ട്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടുവിക്കുന്നതിന് വേണ്ടി ഗവര്‍ണറെ രാജ്ഭവന്‍ വഴിയും നേരിട്ടും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറക്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരില്ലെന്നാണ് സൂചന. അസാധുവായ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ‘സേവിങ് ക്ലോസ്’ അനുസരിച്ച് മുന്‍കാല പ്രാബല്യം ലഭിക്കും. അസാധുവായ ശേഷമുള്ള ദിവസങ്ങളില്‍ ഈ നിയമം നിലനിന്നതായി കണക്കാക്കണം എന്നതാണ് ‘സേവിങ് ക്ലോസ്’.
സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ല എന്ന് താക്കീതും നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് സംബന്ധിച്ച് പഠിക്കാന്‍ സമയം ആവശ്യമാണ്. കണ്ണൂം പൂട്ടി എല്ലായിടത്തും ഒപ്പിടാന്‍ സാധ്യമല്ല. കൃത്യമായി സര്‍ക്കാര്‍ വിശദീകരണം നല്‍കിയാല്‍ മാത്രമെ ഓര്‍ഡിനന്‍സ് അംഗീകരിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
Comments