ജയ്പൂര്‍: കോളേജ് ക്യാമ്പസിനുള്ളില്‍ എടിഎം, ബാങ്ക്, ഓപ്പണ്‍ എയര്‍ ജിം തുടങ്ങിയവ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആത്മഹത്യാഭീഷണി മുഴക്കി വിദ്യാര്‍ത്ഥിനികള്‍. ജയ്പൂരിലെ മഹാറാണി കോളേജ് ക്യാമ്പസിനുള്ളിലാണ് സംഭവം. കോളേജിലേക്കും ഹോസ്റ്റലിലേക്കും വെള്ളമെടുക്കുന്ന വാട്ടര്‍ ടാങ്കിന്റെ മുകളില്‍ കയറിയാണ് മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.
ജിമ്മും എടിഎമ്മും ബാങ്കും കോളേജില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ യോഗേഷ് ഗോയല്‍ പറഞ്ഞു. അധ്യാപകരും മറ്റ് വിദ്യാര്‍ത്ഥികളും ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താഴെ ഇറങ്ങി വരാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇതോടെ ഇവരുടെ മാതാപിതാക്കളേയും പോലീസ് വിളിച്ചു വരുത്തി.
കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പിന് മുന്‍പായി തങ്ങളുടെ ആവശ്യങ്ങളെല്ലാം നടപ്പാക്കണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ഒടുവില്‍ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന കോളേജ് അധികൃതരുടെ ഉറപ്പിന് പിന്നാലെ ഇവര്‍ താഴെയിറങ്ങിയെന്നും പോലീസ് വ്യക്തമാക്കി.
Comments