അമൃത്സർ: സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ സമാധി സ്ഥലമായ കർതാർപൂർ ഗുരുദ്വാരയിൽ അപൂർവ്വ സംഗമത്തിന് സാക്ഷിയായി തീർത്ഥാടകർ. ഇത്തവണ ഇന്ത്യയിൽ നിന്ന് കർതാർപൂരിലെത്തിയ 92 കാരനാണ് 75 വർഷം മുന്നേ വേർപെട്ട് പോയ മരുമകനെ കാണാനുള്ള സൗഭാഗ്യം ലഭിച്ചത്. പഞ്ചാബിലെ താമസക്കാരനായ സർവാൻ സിംഗാണ് പാകിസ്താനിൽ വിഭജനകാലത്ത് താമസമാക്കിയ സഹോദര പുത്രനായ മോഹൻ സിംഗിനെ വർഷങ്ങൾക്ക് ശേഷം കാണാനുള്ള യോഗമുണ്ടായത്. ഇരുവരുടേയും കഥ യൂട്യൂബിലൂടെ കണ്ട ഓസ്‌ട്രേലിയയിലെ പഞ്ചാബ് സ്വദേശിയാണ് ഇരു കുടുംബത്തേയും കണ്ടെത്തിയത്.
വിഭജനകാലഘട്ടത്തിലെ കലാപത്തിൽ പാകിസ്താനിൽ ഒറ്റപ്പെട്ട പോയതാണ് സർവാൻ സിംഗിന്റെ കുടുംബം. അതിലെ 22 പേർ കലാപത്തിൽ പാകിസ്താനിൽ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ സഹോദര പുത്രനായ മോഹൻ സിംഗിനെ ഒരു മുസ്ലീം കുടുംബം വളർത്തുകയായിരുന്നു. വിഭജന കാലഘട്ടത്തിൽ മോഹൻ സിംഗിന് ആറു വയസ്സായിരുന്നു പ്രായം. തുടർന്ന് ഇരുവരും ലാഹോറിലെ നാരോവാളിലെ ചരിത്രപ്രസിദ്ധമായ കർതാർപൂർ ഗുരുദ്വാരയിൽ കണ്ടുമുട്ടുകയായിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളും കർതാർപൂരിൽ ഒത്തുകൂടി.
വിഭജനകാലത്ത് രണ്ടു രാജ്യത്തായി താമസിക്കേണ്ടിവരുന്ന കുടുംബങ്ങളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പരമ്പര ചെയ്യുന്ന ജലന്ധറിലെ പർവീന്ദറാണ് സർവാൻ സിംഗിന്റെ സഹോദരനപുത്രനെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. ഇതേ സമയം തന്നെ പാകിസ്താനിലെ ഒരു യൂട്യൂബർ അബ്ദുൾ ഖാലിദെന്ന മോഹൻ സിംഗിന്റെ കഥയും സമൂഹമാദ്ധ്യമത്തിലിട്ടിരുന്നു. ഈ രണ്ടു വീഡിയോകളുമാണ് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു പഞ്ചാബ് സ്വദേശി കണ്ടതും ഇരുകുടുംബത്തേയും കണ്ടെത്തിയതും.
ഇരുവരും കണ്ടുമുട്ടിയ നിമിഷം പുണ്യസ്ഥലമായി സിഖ് പരമ്പര ആരാധിക്കുന്ന ഗുരുനാനാക്കിന്റെ സമാധിയിലാണെന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. മോഹൻ സിംഗ് നിമിഷങ്ങളോളം തന്റെ വലിയച്ഛന്റെ കാൽതൊട്ടുകൊണ്ട് നിലത്തിരുന്നു. ഇരുവരും ഏറെ നേരം കെട്ടിപിടിച്ച് കരഞ്ഞു. ഇരുവരേയും മാലയിട്ടാണ് കുടുംബാംഗങ്ങൾ സന്തോഷം പങ്കുവെച്ചത്. മധുരപലഹാരങ്ങൾപരസ്പരം കൈമാറിയാണ് വീണ്ടും അടുത്ത വർഷം കാണാമെന്ന പ്രാർത്ഥനയോടെ സിഖ് കുടുംബങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയത്.
Comments