പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ എൻഡിഎയിൽ നിന്ന് പുറത്തുപോയെങ്കിലും രാഷ്‌ട്രീയ ലോക് ജനശക്തി പാർട്ടി ബിജെപിയോടൊപ്പം തുടരുമെന്ന് വ്യക്തമാക്കി പശുപതി പരാസ്. ജനതാദളിനും (യുണൈറ്റഡ്), രാഷ്‌ട്രീയ ജനതാദളിനും (ആർജെഡി) ദീർഘകാലം ഒന്നിച്ച് നിൽക്കാൻ കഴിയില്ലെന്നും ആർഎൽജെപി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ പശുപതി പരാസ് പ്രതികരിച്ചു.
ആർജെഡി – ജെഡിയു കൂട്ടുകെട്ടിൽ നേരത്തെയും പരീക്ഷണം നടന്നിരുന്നു. അവർക്ക് കൂടുതൽ കാലം ഒന്നിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് അന്ന് കണ്ടതാണ്. വീണ്ടും അതേ സഖ്യം തന്നെ ഒന്നിക്കുക എന്നത് നല്ല സൂചനയല്ല. ബിഹാറിന്റെ വികസനത്തിന് അത് ഗുണം ചെയ്യില്ലെന്നും പശുപതി പരാസ് മുന്നറിയിപ്പ് നൽകി.
നിതീഷ് കുമാറിന്റെ തീരുമാനം ഒരിക്കലും ബിഹാറിന് അനുകൂല ഫലമുണ്ടാക്കില്ല. സഖ്യത്തിൽ സംഭവിച്ചിരിക്കുന്ന ഈ ‘വിള്ളൽ’ സംസ്ഥാനത്തിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൻഡിഎയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ജെഡിയുവിന്റെ തീരുമാനത്തിന് പിന്നിലെ കാരണം നിതീഷ് കുമാറിന് മാത്രമേ അറിയൂവെന്നും ഇക്കാര്യത്തിൽ ബിജെപിക്കെതിരായി ഉയർത്തുന്ന മുറവിളികൾ പൊള്ളയാണെന്നും പരാസ് സൂചിപ്പിച്ചു.
ബിജെപി തങ്ങളുടെ സഖ്യകക്ഷികൾക്ക് ബഹുമാനം നൽകുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ല. കാരണം ആർഎൽജെപിക്ക് അങ്ങനെ തോന്നിയിട്ടില്ല. ജെഡിയു സ്വീകരിച്ച തീരുമാനങ്ങളെക്കുറിച്ച് ഇതിൽ കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ എൻഡിഎയ്‌ക്കൊപ്പമാണ് ആർഎൽജെപിയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments