വാഷിംഗ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് തടയിടാൻ ആഹ്വാനം ചെയ്ത് ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡേർസി. ചൈന, രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന മനുഷ്യത്വരഹിതമായ കൊറോണ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഒരു വാർത്തയോട് പ്രതികരിച്ചുകൊണ്ടാണ് ജാക്കിന്റെ ഈ ആഹ്വാനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രസ്താവന പങ്കുവെച്ചത്.
കൊറോണ വ്യാപനം ശക്തമാകുന്ന ചൈനയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോബോട്ടുകളെ ഉപയോഗിച്ചാണ് തെരുവ് വീഥികളിലെയടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
ക്വാറന്റൈൻ അല്ലെങ്കിൽ ഐസൊലേഷൻ ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള കോൺടാക്റ്റ് ട്രേസിംഗും ഇതിൽ ഉൾപ്പെടുന്നു. ഈ ആപ്ലിക്കേഷനുകളിലൂടെ അധികൃതർ ആളുകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് ജനങ്ങൾക്കിടയിൽ വിമർശനത്തിന് കാരണമായിരുന്നു. ഇത് വിശദീകരിക്കുന്ന റിപ്പോർട്ട് പങ്ക് വെച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ അവസാനിപ്പിക്കുക എന്ന് ജാക്ക് ആഹ്വാനം ചെയ്തത്.
അതേസമയം ട്വിറ്റർ ഉപയോക്താക്കളിൽ ചിലർക്ക് സാങ്കേതിക തടസങ്ങൾ നേരിടുന്നുണ്ടെന്നാണ് വിവരം. ട്വിറ്റർ പ്രവർത്തനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്റർ പ്രവർത്തനരഹിതമായത്. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.
Comments