മലപ്പുറം: സമൂഹമാദ്ധ്യമം വഴി മത വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പൂക്കോട്ടുപാടം സ്വദേശി ഷാഹുൽ ഹമീദ് ആണ് അറസ്റ്റിലായത്. സംഭവ ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ തിരികെ നാട്ടിൽ എത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ എന്നിവ വഴിയാണ് ഇയാൾ മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഇയാൾ വിദേശത്തേക്ക് കടന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വിദേശത്തു നിന്നും ഇയാൾ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതോടെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പൂക്കോട്ടുംപാടം എസ്എച്ച്ഒ സി.എൻ സുകുമാരനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി.
Comments