കാസർകോട്: കാറഡുക്ക റിസർവ്വ് വനത്തിന് കീഴിലുള്ള മുളിയാർ അരിയിൽ വനംകൊള്ള. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മുറിച്ചുകടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി തീയ്യടുക്കത്തെ സി.സുകുമാരനെയാണ് (59) കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്.
മൂന്നു മാസം മുൻപാണ് മരം മുറിച്ചുകടത്തിയത്. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും സമ്മർദ്ദത്തെ തുടർന്ന് അറസ്റ്റ് വൈകുകയായിരുന്നു. നിലവിൽ പ്രതിയെ കാസർകോട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് 23 വരെ റിമാൻഡ് ചെയ്തു.
മുറിച്ച മരത്തിന്റെ കുറ്റി കിളച്ചെടുത്ത് തെളിവുകൾ നശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാറഡുക്ക, അഡൂർ റിസർവ് വനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന നിരവധി മരങ്ങൾ പ്രതി മുറിച്ചുകടത്തിയതായി സംശയമുണ്ട്. ഇക്കാര്യത്തിൽ വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുകയാണ്.
Comments