കോഴിക്കോട്: മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി. താമരശ്ശേരി എരവത്ത് മീത്തൽ ഫഹദാണ് (25) ജയിൽ ചാടിയത്. വടകര സബ് ജയിലിൽ നിന്നായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. ജയിലിലെ ശുചിമുറിയിലുള്ള വെന്റിലേറ്റർ തകർത്ത് ഫഹദ് പുറത്തുകടക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. ജയിലിൽ നിന്ന് പുറത്തുകടന്ന ഇയാൾ ട്രഷറി കെട്ടിടം വഴി കടന്നുകളഞ്ഞു.
ഓഗസ്റ്റ് ഏഴിനായിരുന്നു ഇയാളെ വടകര സബ് ജയിലിൽ എത്തിച്ചിരുന്നത്. അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഫഹദ് അറസ്റ്റിലായത്. ജൂൺ ഏഴിനായിരുന്നു സംഭവം. ആറ് കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്ന് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാകുകയും വടകര സബ് ജയിലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഫഹദിനായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments