തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ ഇരുചക്രവാഹന റാലിയിൽ ആർഎസ്എസ് ഗണഗീതം അകമ്പടിയായത് ചർച്ചയാകുന്നു.ഡിസിസി സംഘടിപ്പിച്ച നവസങ്കൽപ് യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ റാലി.
കഴിഞ്ഞ ദിവസം വൈകീട്ടാണ് നെയ്യാറ്റിൻകരയിൽ ഡിസിസി നവസങ്കൽപ് യാത്ര നടത്തിയത്. കൂരിരുൾ നീങ്ങും പ്രഭാതമാകും,വീണ്ടും ഭാരതമൊന്നാകും എന്ന ഗണഗീതത്തോടെയാണ് യുഡിഎഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്ത പദയാത്ര നടന്നത്.യൂത്ത് കോൺഗ്രസ് റാലിയുടെ അനൗൺസ്മെന്റ് വാഹനത്തിൽ നിന്നായിരുന്നു റെക്കോർഡ് ചെയ്ത ഗണഗീതം കേൾപ്പിച്ചത്.
എന്നാൽ പാട്ട് റെക്കോർഡ് ചെയ്ത് ഉൾപ്പെടുത്തിയത് സംബന്ധിച്ച് അറിയില്ലായിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.
സംഭവിച്ച വീഴ്ച ഗൗരവത്തോടെ കാണുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീനോ അലക്സ് വ്യക്തമാക്കി. സ്വകാര്യ സ്റ്റുഡിയോയിൽ നൽകിയായിരുന്നു റാലിയിലെ അനൗൺസ്മെന്റ് അറിയിപ്പ് റെക്കോർഡ് ചെയ്തത്.
ആർഎസ്എസ് പരിപാടികളിൽ പാടുന്ന പാട്ടുകളാണ് ഗണഗീതങ്ങൾ. ആർഎസ്എസിന്റെ ഗാനാഞ്ജലി എന്ന ഗാനശേഖരത്തിലെ പ്രധാന ഗാനമാണ് ഇവ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ ആയിരുന്ന പി.പരമേശ്വരൻ അടക്കമുള്ളവരാണ് ഗാനാഞ്ജലിയിലെ ഭൂരിഭാഗം പാട്ടുകളും രചിച്ചിട്ടുള്ളത്.
Comments