ആലപ്പുഴ: കായംകുളത്ത് ദേശീയ പാതയിലെ കുഴിയിൽ വീണ് എസ്ഐയ്ക്ക് പരിക്ക്. കായംകുളം പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിനണ് പരിക്കേറ്റത്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കായംകുളം- കൃഷ്ണപുരം ദേശീയ പാതയിൽ കെപിഎസിയ്ക്ക് മുന്നിലുള്ള റോഡിലായിരുന്നു സംഭവം. കുഴികൾ നിറഞ്ഞ ഈ റോഡിലൂടെ സഞ്ചരിക്കാൻ പകൽ സമയത്ത് പോലും ആളുകൾക്ക് ഭയമാണ്. രാത്രി 11 മണിയോടെയാണ് എസ്ഐ ഇതുവഴി വന്നത്. ഇതിനിടെ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്.
അടുത്തിടെ അങ്കമാലിയിലെ കുഴിയിൽ വീണ് ഹോട്ടലുടമ മരിച്ചിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ റോഡുകളുടെ കുഴി സംബന്ധിച്ച ചർച്ചകൾ സജീവമാകുന്ന വേളയിലാണ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ അപകടത്തിൽപ്പെട്ടത്. റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിൽ വരുത്തുന്ന അനാസ്ഥയ്ക്കെതിരെ ഹൈക്കോടതിയും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Comments