മുംബൈ : സ്ത്രീ വിരുദ്ധ പരാമർശം നടത്തി നടനും ശക്തിമാൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരവുമായ മുകേഷ് ഖന്ന. സ്ത്രീകൾ ഒരിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടില്ലെന്നും അങ്ങനെ ചെയ്യുന്നവർ വേശ്യകളാണെന്നുമാണ് മുകേഷ് ഖന്ന പറഞ്ഞത്. സ്ത്രീകളെ വേശ്യകളോട് താരതമ്യം ചെയ്തായിരുന്നു നടന്റെ പരാമർശം.
ഒരു സ്ത്രീ, തനിക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാൻ താത്പര്യമുണ്ടെന്ന് ഒരു പുരുഷനോട് പറഞ്ഞാൽ, അവൾ ഒരിക്കലും ഒരു സ്ത്രീയല്ല. അവൾ വേശ്യയാണ്. കാരണം പരിഷ്കൃത സമൂഹത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയും തന്റെ ലൈംഗിക താത്പര്യം തുറന്നുകാണിക്കില്ല എന്നാണ് 64 കാരനായ താരം പറയുന്നത്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുന്നത്.
ഇന്റർനെറ്റിൽ സെക്സ് റാക്കറ്റ് സജീവമായിരിക്കുകയാണെന്നും ഇന്ന് പുരുഷന്മാരാണ് പെൺകുട്ടികളുടെ ഭീഷണികൾക്ക് ഇരയാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പെൺകുട്ടികളിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാറുണ്ട്. അവർ എന്നോട് ചാറ്റ് ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുകയും തന്റെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അത് സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും അറിയില്ല. താൻ അവർക്ക് മറുപടി നൽകാറില്ലെന്നും തന്റെ സുഹൃത്തുക്കൾക്കും ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ഖന്ന പറഞ്ഞു.
ഖന്നയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
Comments