ഡെറാഡൂൺ: ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ തിരഞ്ഞെടുത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കായികവിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവഭൂമിയുടെ മകൻ എന്നാണ് അദ്ദേഹം ഋഷഭ് പന്തിനെ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ യുവാക്കളെ കായികമേഖലകളിലും അതുവഴി അവരുടെ ശാരീരികക്ഷമത മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് ഉത്തരാഖണ്ഡ് സദനിൽ നടക്കുന്ന ചടങ്ങിൽ ഋഷഭ് പന്തിനെ ആദരിക്കും. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയേയും സംസ്ഥാനത്തിന്റെ അംബാസിഡറായി നിയമിച്ചിട്ടുണ്ട്. അതേസമയം തന്നെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ഋഷഭ് പന്തും പറഞ്ഞു.
1997 ഒക്ടോബർ 4 ന് ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിലാണ് ഋഷഭ് പന്ത് ജനിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ കുടുംബം ഡൽഹിയിലേക്ക് താമസം മാറുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഇതുവരെ 31 ടെസ്റ്റുകളും 27 ഏകദിനങ്ങളും 54 ടി20 അന്താരാഷ്ട്ര മത്സരങ്ങളും പന്ത് കളിച്ചിട്ടുണ്ട്.
Comments