പാട്‌ന: ബിഹാറിൽ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്തിയതിന് ശേഷം തലയറുത്ത് മറ്റൊരു ക്ഷേത്രത്തിൽ കൊണ്ടു വച്ചു. ഗോപാൽപൂരിൽ ബകുൽഹാർ ഗ്രാമത്തിലെ രാം ജാനകി ക്ഷേത്രപൂജാരി രുദാൽ സാഹാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാം ജാനകി ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ അകലെയുള്ള കാളി ക്ഷേത്രത്തിലാണ് പൂജാരിയുടെ തല കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് നാടിനെയാകെ ഞെട്ടിച്ച സംഭവം നടന്നത്.
40 വർഷമായി രുദാൽ സാഹ് ഈ ക്ഷേത്രത്തിലാണ് ജോലി ചെയ്ത് വരുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ തന്നെയാണ് പല ദിവസങ്ങളിലും കിടന്നുറങ്ങിയിരുന്നത്. ക്ഷേത്രത്തിന്റെ മതിലും വാതിലുകളും പൊളിച്ചു കളഞ്ഞാണ് അക്രമി സംഘം അകത്തു കടന്നത്. ഇദ്ദേഹത്തിന് കേൾവിശക്തിയും സംസാരശേഷിയും ഉണ്ടായിരുന്നില്ല. അതിനാൽ അക്രമിസംഘം അകത്തു കടന്നത് പൂജാരി അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം തല മുറിച്ചെടുക്കുകയും കാളിക്ഷേത്രത്തിൽ കൊണ്ടു വയ്‌ക്കുകയും ചെയ്യുകയായിരുന്നു. ബുധനാഴ്ച രാവിലെ രണ്ട് ക്ഷേത്രങ്ങളിലും എത്തിയ ഭക്തരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നിന്ന് കൊലയാളിയുടേതെന്ന് കരുതുന്ന ചെരിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
Comments