തിരുവനന്തപുരം: കരസേനയുടെ പാങ്ങോട് കേന്ദ്രം സംഘടിപ്പിക്കുന്ന തിരംഗയാത്രയ്ക്ക് കന്യാകുമാരിയില്‍ നിന്നും തുടക്കമായി. വിവേകാനന്ദ പാറയില്‍ നിന്നും ആരംഭിച്ച യാത്രയുടെ ഉദ്ഘാടനം സൈനിക കേന്ദ്ര മേധാവി ഫ്ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. വിവിധ ചരിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് യാത്ര ആഗസ്റ്റ് 14 ന് തിരുവനന്തപുരത്ത് എത്തും.
യാത്രയില്‍ വഹിക്കുന്ന പതാകയുടെ പ്രദര്‍ശനം വിവേകനാന്ദ പാറയില്‍ നടന്നു. 75 സൈനികരാണ് 75 നീളമുള്ള പതാകയും വഹിച്ചുകൊണ്ടുള്ള തിരംഗയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രാമധ്യേ കുളച്ചല്‍ യുദ്ധസ്മാരകത്തില്‍ ദേശീയ പതാക ഉയര്‍ത്തും. 75 കിലോ മീറ്റര്‍ പിന്നിട്ട് തിരുവനന്തപുരത്തെ സൈനിക കേന്ദ്രത്തില്‍ എത്തുന്ന യാത്രയെ ഗവര്‍ണര്‍ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഗ്യാലന്‍ട്രി അവാര്‍ഡ് ജേതാക്കളെയും, വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ കുടുംബങ്ങളേയും ആദരിക്കും.
കന്യാകുമാരിയില്‍ വ്യാഴാഴ്ച് നടന്ന ചടങ്ങില്‍ മുന്‍ പാര്‍ലമെന്റ് അംഗം വിജയകുമാര്‍ പങ്കെടുത്തു. പഞ്ചലിംഗപുരത്ത് നടന്ന മറ്റൊരു ചടങ്ങില്‍ 150 അടി ഉയരമുള്ള കൊടിമരവും പതാകയും അദ്ദേഹം സൈന്യത്തിന് കൈമാറി. സൈനിക ബാന്‍ഡ് പ്രദര്‍ശനം, കളരിപ്പയറ്റ് പ്രകടനം എന്നിവയും നടന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് പാങ്ങോട് സൈനിക കേന്ദ്രത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Comments