ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. 30 കിലോ ഐഇഡിയും പിടിച്ചെടുത്തു. നാല് സൈനിക ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായി.
ഈ വർഷം 136 ഭീകരരെയാണ് സൈന്യം വധിച്ചത് എന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും നുഴഞ്ഞുകയറി ഇന്ത്യയിൽ എത്തിയവരാണ്.
സൈന്യത്തിന്റെ ബേസ് ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം ചാവേർ ആക്രമണം നടന്നിരുന്നു. രജൗരി ജില്ലയിൽ നടന്ന ആക്രമണത്തിൽ സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, റൈഫിൾ മാൻ ലക്ഷ്മണൻ ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരരുടെ വെടിവെയ്പിൽ അഞ്ച് ജവാന്മാർക്ക് പരിക്കേൽക്കുകയുമുണ്ടായി.
ബുധനാഴ്ച ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായാണ് പോലീസും സുരക്ഷാ സേനയും കനത്ത ജാഗ്രത പുലർത്തുന്നതിനിടെയാണ് ആക്രമണം.
Comments