ഒരു കോഴിമുട്ടയ്ക്ക് വില 48,000 രൂപ… കേൾക്കുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടിപ്പോകും. എന്നാൽ സാധാരണ കടയിൽ പോയാൽ കിട്ടുന്ന മുട്ടയല്ല ഇത്, അപൂർവ്വങ്ങളിൽ അപൂർവ്വമായ കോഴിമുട്ടയാണ്. കോഴിമുട്ടയെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്.
യുകെയിലാണ് സംഭവം. കഴിഞ്ഞ 20 വർഷമായി തന്റെ വീട്ടിൽ കോഴികളെ വളർത്തിയിരുന്ന അന്നബെൽ മുൽകാഹിയാണ് ഈ മുട്ട ആദ്യമായി കണ്ടെത്തിയത്. ഇവരുടെ കോഴി തികച്ചും വട്ടത്തിലുള്ള മുട്ട ഇട്ടു. സാധാരണ ദീർഘവൃത്താകൃതിയിലാണ് മുട്ട ഉണ്ടാവുക. എന്നാൽ ഈ മുട്ട കൃത്യമായ വട്ടത്തിലായിരുന്നു. ഇത് കണ്ട അന്നബെൽ സംശയം തോന്നി ഗൂഗിളിൽ നോക്കിയപ്പോഴാണ് ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വ്യക്തമായത്. ഇതോടെ മുട്ട കഴിക്കേണ്ടെന്ന് തീരുമാനിച്ചു. തുടർന്ന് ഇത് ഓൺലൈൻ ആപ്ലിക്കേഷനിൽ വിൽപ്പനയ്ക്ക് വെയ്ക്കുകയുമുണ്ടായി.
ട്വിൻസ്കി എന്ന് പേരുള്ള ഒരു കോഴിയാണ് ഈ മുട്ടയിട്ടത്. എന്തായാലും മുട്ടയിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. മുട്ടയ്ക്ക് ആവശ്യക്കാരും ഏറിയിട്ടുണ്ട്. 48,000 രൂപ ഓഫർ ചെയ്തുകൊണ്ടാണ് ആളുകൾ എത്തിയിരിക്കുന്നത്. രണ്ടു പെൺമക്കളുടെ അമ്മയാണ് അന്നബെൽ. മുട്ട വിറ്റു കിട്ടുന്ന പണം കൊണ്ട് കോഴി പരിപാലനം വർദ്ധിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
Comments