കൊച്ചി: ശമ്പള വിതരണത്തിന് സാവകാശം തേടി കെഎസ്ആർടിസി. ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് കൂടുതൽ സമയം വേണമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ സമയം അനുവദിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇതിനായി പത്ത് ദിവസം കൂടി അനുവദിക്കണമെന്നും കെഎസ്ആർടിസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ശമ്പളം വൈകുന്നത് സംബന്ധിച്ച് നേരത്തെ ഹൈക്കോടതി പരിഗണിച്ച ഹർജിയിൽ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ താഴെതട്ടിലുള്ള ജീവനക്കാർക്കടക്കം ശമ്പളം കൊടുക്കണമെന്നും പരമാവധി പത്ത് ദിവസം വരെ വൈകാമെന്നുമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത് അനുസരിച്ചില്ലായെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന സൂചനയും ഉത്തരവിലുണ്ടായിരുന്നു.
എന്നാൽ ജൂലൈ മാസത്തിലെ ശമ്പളം ഓഗസ്റ്റ് 12 കഴിഞ്ഞിട്ടും കൊടുക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ കളക്ഷനായി കിട്ടുന്ന വരുമാനം ലോൺ അടയ്ക്കുന്നതിലേക്കും മറ്റും പോകുകയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഡീസൽ ക്ഷാമം ഉൾപ്പെടെ വലിയ പ്രതിസന്ധിയിലൂടെയായിരുന്നു കെഎസ്ആർടിസി കടന്നുപോയിരുന്നത്. ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചും മറ്റും ഇന്ധനക്ഷാമത്തെ നേരിടുകയാണ്. ഇതിനിടെയാണ് വരുമാനം തികയാത്തതിനാലും സർക്കാർ സഹായം വൈകുന്നതിനാലും ജീവനക്കാർക്ക് ശമ്പളം കിട്ടാക്കനിയായിരിക്കുന്നത്.
Comments