ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. വാഹനങ്ങളിലെത്തിയ ഭീകര സംഘം സിആർപിഎഫ് സംഘത്തിന് നേരെ വെടിയുതിർത്തു. ആക്രമണത്തിൽ ജവാന് പരിക്കേറ്റിട്ടുണ്ട്.
അനന്തനാഗിലെ ബിജ്ബേഹരയിലാണ് ആക്രമണം ഉണ്ടായത്. വാഹനത്തിൽ പോകുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു വെടിവെപ്പ്. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച ഭീകരർക്കായി പോലീസും സിആർപിഎഫും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
തുടർച്ചയായ രണ്ടാം ദിവസമാണ് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ചാവേർ ആക്രമണം നടന്നിരുന്നു. ഇതിൽ മൂന്ന് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. രണ്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനം അടുത്തിരിക്കെ രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമങ്ങളാണ് ഭീകരർ നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
Comments