ശ്രീനഗർ: ദേശീയ വികാരം അലയടിച്ച് ജമ്മുകശ്മീരിലെ ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും. ഹർ ഘർ തിരംഗ സന്ദേശവുമായി നടന്ന പരിപാടികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ആവേശത്തോടെ ദേശീയ പതാക ഏന്തിയത്. സ്‌കൂളുകളിലും പൊതു മൈതാനങ്ങളിലും വിദ്യാർത്ഥികൾക്കൊപ്പം പ്രദേശവാസികളും അണിനിരക്കുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ ബുർഹാൻ വാനിയുടെ പട്ടണമായ ത്രാളിലെ പരിപാടിയിൽ ആയിരത്തിലേറെ വിദ്യാർത്ഥികളാണ് ദേശീയപതാക ഏന്തി പങ്കെടുത്തത്. 2016ലാണ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ ബുർഹാൻ വാനിയെ സൈന്യം വധിക്കുന്നത്. അഞ്ചു വർഷത്തിലേറെ ത്രാൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്. സൈന്യത്തെ നിരന്തരം കല്ലേറിഞ്ഞിരുന്ന പ്രദേശങ്ങളും നിലവിൽ തീർത്തും ശാന്തമാണെന്ന് സൈനികർ വിശദീകരിക്കുന്നു.
ഒരു സമയത്ത് ഏറ്റവുമധികം ഭീകരർ തമ്പടിച്ചിരുന്ന പ്രദേശമാണ് ത്രാൾ. ഹിസ്ബുൾ മുജാഹിദ്ദിന്റേയും ജയ്‌ഷെ മുഹമ്മദിന്റേയും കേന്ദ്രവുമായിരുന്നു. വിഘടവാദി നേതാ ക്കളുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ഇന്ന് ഇന്ത്യയുടെ കരുത്തിനായി ജയ് ഹിന്ദ് വിളികളോടെ ഉണർന്നിരിക്കുന്നത്.
സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സൈനികർക്കൊപ്പം മൈതാനങ്ങളിൽ അണിനിരന്നു. പടുകൂറ്റൻ ദേശീയ പതാകയുമായി നിരത്തുകളിലൂടെ നടന്ന റാലിയിൽ പ്രദേശവാസികളും ആവേശത്തോടെയാണ് പങ്കുചേർന്നത്.
Comments