കോഴിക്കോട്: റോഡിൽ മർദ്ദനമേറ്റ് അവശ നിലയിൽ കണ്ടത്തിയ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മൽ പാറയുള്ളപറമ്പത്ത് വിഷ്ണുവാണ് മരിച്ചത്. നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി ചമ്പിലോറ റോഡിലാണ് കഴിഞ്ഞ ദിവസം തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ വിഷ്ണുവിനെ കണ്ടത്. തുടർന്ന് ഇയാളെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗുരുതാരാവസ്ഥയിലായിരുന്ന യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നില മോശമായതിനെ തുടർന്നാണ് മരണപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കൈവേലി സ്വദേശി നീളം പറമ്പത്ത് അഖിലിനെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വിഷ്ണുവിനെ വിളിച്ചു വരുത്തി ക്രൂരമായി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തലയ്‌ക്ക് ഏറ്റ ഗുരുതരപരിക്കാണ് മരണകാരണം എന്ന് പൊലീസ് വ്യക്‌തമാക്കി.
യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നത്. വീണുകിടന്ന സ്ഥലത്തിന് ഏതാനും മീറ്റർ അകലെയായി വിഷ്ണു സഞ്ചിരിച്ച ബൈക്കും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.
Comments