ന്യൂഡൽഹി: തായ്‌വാൻ-ചൈന പ്രതിസന്ധിയിൽ ആശങ്കയറിയിച്ച് ഇന്ത്യ. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ ആശങ്കയുണ്ടെന്നും, നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരാൻ ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാനും ചൈനയ്‌ക്കുമിടയിൽ രൂപപ്പെട്ട സംഘർഷ സാധ്യതകളെ കുറിച്ചായിരുന്നു പ്രതികരണം.
‘നിലവിലെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മാറ്റം വരണമെങ്കിൽ ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കണം. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടത് ആവശ്യമാണ്. സംഘർഷ സാധ്യത ഒഴിവാക്കണം. മറ്റ് രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയും ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ ആശങ്കാകുലരാണെന്നും’ അരിന്ദം ബാഗ്ചി വ്യക്തമാക്കി.
നിലവിൽ തായ്‌വാന് ചുറ്റും വലിയ സൈനികവ്യൂഹത്തെയാണ് ചൈന വിന്യസിച്ചിരിക്കുന്നത്. നാൻസി പെലോസിയുടെ സന്ദർശനത്തിന് തായ്‌വാൻ കനത്ത വില നൽകേണ്ടി വരുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെ ഉള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം. തായ്‌വാന് അമേരിക്കയുടെ എല്ലാ വിധ പിന്തുണ ഉണ്ടാകുമെന്നും നാൻസി പെലോസി അറിയിച്ചിരുന്നു. ഇവർ മടങ്ങിയതിന് പിന്നാലെ നിരവധി തവണയാണ് ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി ലംഘിച്ചത്. ഏത് നിമിഷവും യുദ്ധമുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ.
Comments