കണ്ണൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും ജീവിത പങ്കാളിയെ കണ്ടെത്താനാവാത്തവർക്ക് സഹായവുമായി കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്ത്. പിണറായി പഞ്ചായത്തിന്റെ മാതൃക പിൻപറ്റി പട്ടുവം പഞ്ചായത്ത് മംഗല്യ പദ്ധതിക്ക് രൂപം നൽകി.
2022 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സമർപ്പിച്ച നവമാംഗല്യം പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ തുടർ നടപടികളുമായി മുന്നോട്ട് പോകുകയാണ് പട്ടുവം ഗ്രാമപഞ്ചായത്ത് അധികൃതർ.
വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും വിവാഹം നടക്കാത്തവർക്ക് വേണ്ടിയാണ് പദ്ധതി. ഇത്തരത്തിലുള്ളവരെ കണ്ടെത്തി രജിസ്ട്രേഷൻ സൗകര്യമൊരുക്കുമെന്ന് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി വ്യക്തമാക്കി. സ്ത്രീകൾക്കും പുരുഷൻമാർക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ആളുകളെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് പരസ്പരം കാണാനുള്ള അവസരമൊരുക്കും. ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അടുത്ത ഘട്ടമായി ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും.
വരും വർഷങ്ങളിൽ മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാൻ പട്ടുവം പഞ്ചായത്തിന്റെ നവമാംഗല്യം പദ്ധതി പ്രേരണയാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
Comments