ന്യൂഡൽഹി: സർട്ടിഫിക്കറ്റിൽ മതം തെറ്റായി രേഖപ്പെടുത്തിയാണ് ജോലി നേടിയതെന്ന വിവാദത്തിൽ നാർക്കോട്ടിക് മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡയെ കുറ്റവിമുക്തനാക്കി കോടതി. ഷാരൂഖാന്റെ മകനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിഷയങ്ങൾക്കിടെയാണ് സമീർ വാങ്കഡെ സർട്ടിഫിക്കറ്റിൽ മതം തെറ്റായി കാണിച്ചാണ് ജോലി നേടിയതെന്ന വിവാദം ചൂടുപിടിച്ചത്. എന്നാൽ ജന്മനാ മുസ്ലീം അല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് കോടതി വിധി പറഞ്ഞത്. മഹാരാഷ്ട്ര മുൻ ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കാണ് പരാതി നൽകിയത്.
ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദങ്ങളെ കേട്ട ശേഷം 91 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. സമീർ വാങ്കഡേയും പിതാവ് ധ്യാനേശ്വർ വാങ്കഡേയും ഒരിക്കലും ഹിന്ദുമതത്തെ തിരസ്ക്കരിച്ച് ഇസ്ലാംമതം സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ സത്യമാണെന്നും കോടതി സ്ഥിരീകരിച്ചു.
രാജ്യത്തെ ജാതി അടിസ്ഥാന പട്ടികയിൽ മഹർ സമുദായത്തിൽപ്പെട്ടവരാണ് സമീർ വാങ്കഡേയും പിതാവുമെന്നും കോടതി വിധിന്യായത്തിൽ വിശദീകരിക്കുന്നുണ്ട്. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും സത്യം എന്നും ജയിക്കുമെന്നും സമീർ വാങ്കഡെ പറഞ്ഞു. ട്വിറ്ററിലൂടെ സത്യമേവ ജയതേ എന്ന് മാത്രം എഴുതിക്കൊണ്ടാണ് സമീർ പ്രതികരിച്ചത്.
താൻ എന്നും ഇന്ത്യാ ഗവൺമെൻറിനായി ഏറ്റവും വിശ്വസ്തതയോടെ മാത്രമേ പ്രവർത്തി ച്ചിട്ടുള്ളു . എനിക്കെതിരെ വിവാദമുണ്ടാക്കിയവർ തന്റെ ഭാര്യയേയും മരണപ്പെട്ട അമ്മയേയും വെറുതേ വിട്ടില്ലെന്നതിൽ വിഷമമുണ്ടെന്നും വാങ്കഡെ പറഞ്ഞു. നവാബ് മാലിക്കിനൊപ്പം മനോജ് സൻസാരേ, അശോക് കാംബ്ലേ, സഞ്ജയ് കാബ്ലേ എന്നിവരും കക്ഷി ചേർന്നെങ്കിലും പരാതിയിൽ ഉറച്ചുനിൽക്കാനോ തെളിവ് ഹാജരാക്കാനോ മൂന്നുപേർക്കും സാധിച്ചില്ല.
Comments