എറണാകുളം : സംസ്ഥാന പാതയായ ആനമല റോഡിൽ നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ സിനിമ സീരിയൽ താരം അടക്കം രണ്ട് യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കാറിലുണ്ടായിരുന്ന എയർബാഗ് കാര്യക്ഷമമായി പ്രവർത്തിച്ചതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടതെന്നാണ് വിവരം.
എറണാകുളം സ്വദേശിയായ സിനിമ- സീരിയൽ താരം അനു നായർ, സുഹൃത്ത് അജ്ഞലി എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന കാർ കല്ലിൽ തട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പലതവണ മറിഞ്ഞ കാർ ഒടുവിൽ ഒരു മരത്തിൽ തങ്ങി നിന്നു.
കാറിൽ നിന്ന് പുറത്തിറങ്ങിയ ഇവർ താഴ്ചയിൽ നിന്ന് പ്രയാസപ്പെട്ട് റോഡിലേക്ക് കയറുകയായിരുന്നു. തുടർന്ന് മലക്കപ്പാറയിലേക്ക് പോയ ടൂറിസ്റ്റുകളുടെ വാഹനത്തിൽ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകർ ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി തിരികെ പോകാൻ വാഹനവും ഏർപ്പാടാക്കി നൽകി.
Comments