തിരുവനന്തപുരം: കശ്മീരിനെക്കുറിച്ച് പരാമർശിച്ച ഫേസ്ബുക്ക് പോസ്റ്റ് വൻ വിവാദമായ സാഹചര്യത്തിൽ ഒടുവിൽ പോസ്റ്റ് പിൻവലിച്ച് മുൻമന്ത്രി കെടി ജലീൽ. പോസ്റ്റിലെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തുവെന്നും ജലീൽ പറഞ്ഞു. നാടിന്റെ നന്മയ്ക്കായി പോസ്റ്റ് പിൻവലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
”നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.
നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടു.
ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.
ജയ് ഹിന്ദ്.”
ഇതായിരുന്നു പോസ്റ്റ് പിൻവലിച്ചുകൊണ്ട് ജലീൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്..
കഴിഞ്ഞ ദിവസമായിരുന്നു വിവാദത്തിന് ആസ്പദമായ ഫേസ്ബുക്ക് കുറിപ്പ് ജലീൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിലെ ആസാദ് കശ്മീർ എന്ന പ്രയോഗം വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് നിരവധി രാഷ്ട്രീയ സംഘടനകളും നേതാക്കളും ജലീലിനെതിരെ രംഗത്ത് വന്നു. സിപിഎമ്മിലെ മുതിർന്ന നേതാക്കളും ജലീലിനെ തള്ളി പറഞ്ഞു. എന്നാൽ പോസ്റ്റ് പിൻവലിക്കാൻ ജലീൽ തയ്യാറായില്ല. ഒടുവിൽ അഭിപ്രായത്തിൽ ഉറച്ചുനിന്ന് പരാമർശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റ് പിൻവലിക്കുകയാണ് എംഎൽഎ ചെയ്തത്.
Comments