ന്യൂഡൽഹി: ഹർഘർ തിരംഗ നാടൊട്ടുക്കും ആവേശമാക്കി മാറ്റണമെന്ന ആഹ്വാനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. രാജ്യത്തെ ജനങ്ങളുടെ ആവേശമാണ് ദേശീയ പതാക. അവരത് നെഞ്ചിലേറ്റിയിരിക്കുന്നു. സ്വന്തം വീട്ടുമുറ്റത്ത് ത്രിവർണ്ണ പതാക ഉയർത്താൻ എല്ലാവർക്കും അവസരം നൽകണം. ബിജെപി പ്രവർത്തകർ എല്ലായിടത്തും സന്ദേശം എത്തിക്കണമെന്നും നദ്ദ നിർദ്ദേശിച്ചു. സ്വന്തം വീട്ടുമുറ്റത്ത് ഭാര്യ മല്ലിക നദ്ദയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് നദ്ദ ഹർഘർ തിരംഗാ സന്ദേശം നൽകിയത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ലോകം മുഴുവനുള്ള ഭാരതീയർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജനങ്ങൾ ആവേശത്തോടെയാണ് പതാക ഉയർത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവരും ഈ സന്ദേശത്തെ ആവേശത്തോടെ പ്രചരിപ്പി ക്കണമെന്നും നദ്ദ പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ചിത്രപ്രദർശനവും നദ്ദ ഉദ്ഘാടനം ചെയ്തു.
ഹർഘർ തിരംഗ സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരടക്കം രാവിലെ തന്നെ സ്വന്തം ഔദ്യോഗിക വസതിയിലും ഓഫീസിലും പതാക ഉയർത്തി മാതൃകയായി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും പുഷ്ക്കർ സിംഗ് ധാമിയും പതാക ഉയർത്തി. രാവിലെ പ്രഭാത ഭേരി പരിപാടി കളോടെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ദേശീയപതാക ഉയർത്തിയത്.
Comments