സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിച്ച് സക്ഷമ. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ഭിന്നശേഷി സമൂഹത്തെ മുഖ്യധാരിലേയ്ക്ക് ഉയർത്തികൊണ്ട് വരാനുള്ള ശ്രമങ്ങളാണ് സക്ഷമ നടത്തുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ കലാമത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഓഗസ്റ്റ് 14 ന് എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കും.
ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഫ്( കേരളാ ഹൈക്കോടതി), പ്രശസ്ത പിന്നണി ഗായകരായ ജി.വേണുഗോപാൽ, വൈക്കം വിജയ ലക്ഷ്മി, പത്രപ്രവർത്തകൻ മുരളി പാറപ്പുറം, സിനിമാ താരം ചന്ദുനാഥ്, പ്രശസ്ത സംഗീത സംവിധാകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുൾ വഹാബ് എന്നിവർ പരിപാടിയിൽ പങ്കാളികളാകും.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിലേയ്ക്ക് എത്തിക്കുന്നതിന് കേന്ദ്ര-കേരളാ സർക്കാരുകൾ, സന്നദ്ധസംഘടനകൾ, മാദ്ധ്യമങ്ങൾ എന്നിവരുടെയെല്ലാം പിന്തുണ ആവശ്യമാണെന്ന് സക്ഷമ പറഞ്ഞു. ഇവർ നേരിടുന്ന പ്രശ്നങ്ങളിൽ വേഗതയിൽ പരിഹാരം കാണേണ്ടത് ആവശ്യമാണ്. ഭിന്നശേഷിക്കാർക്ക് അന്യമായി നിൽക്കുന്ന പൊതു ഇടങ്ങൾ, ആരാധനാലയങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ ഭിന്നശേഷി സൗഹൃദമാക്കേണ്ടതുണ്ടെന്നും സക്ഷമ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Comments