എറണാകുളം: ജില്ലയിൽ വീണ്ടും കൊലപാതകം. വരാപ്പുഴ സ്വദേശി ശ്യാം(33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 യോടെയായിരുന്നു സംഭവം. അക്രമികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കളത്തിപ്പറമ്പ് റോഡിലായിരുന്നു സംഭവം ഉണ്ടായത്. കാക്കി ഷർട്ട് ധരിച്ച ആളാണ് കുത്തിക്കൊലപ്പെടുത്തിയത് എന്നാണ് ദൃക്സാക്ഷി മൊഴി. വാഹനത്തിൽ എത്തിയ ഒരു സംഘവും ശ്യാമുമായി വാക്കു തർക്കം ഉണ്ടായി. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് ശ്യാമിന് കുത്തേറ്റത്. ശ്യാം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ശ്യാമിനൊപ്പമുണ്ടായിരുന്ന അരുൺ എന്ന യുവാവിനും മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ അരുൺ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ മറ്റേയാൾ പ്രാഥമിക ചികിത്സ തേടിയ ശേഷം ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
Comments