ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ.സ്ത്രീ ശാക്തീകരണത്തിൽ ദീർഘവീക്ഷണമുള്ള നേതാവെന്നാണ് മോദിയെ മേരി പ്രശംസിച്ചത്. കൂടാതെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് അവർ നന്ദിയും അറിയിച്ചു.
രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അതിൽ പങ്ക് ചേരാൻ മേരിക്കും ക്ഷണം ഉണ്ടായിരുന്നു. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ കലാകാരിയാണ് മേരി. ഇതിന് പിന്നാലെയാണ് ഗായിക പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
‘ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ഈ അവസരം നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. അദ്ദേഹം ഒരു നേതാവും സ്ത്രീശാക്തീകരണത്തിൽ ദീർഘവീക്ഷണമുള്ള നേതാവാണ്.അത് അദ്ദേഹത്തിന്റെ അജണ്ടയുടെ ഭാഗമാണ്. പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പ്രസിഡന്റ് ദ്രൗപദി മുർമു ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയതിൽ ഒരുപാട് സന്തോഷമുണ്ട്.ഒരു വനിതാ പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയിലെ പെൺകുട്ടികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്കും മുർമു പ്രചോദനമാണ്.” ഗായിക മേരി മിൽബെൻ പറഞ്ഞു.
ഓം ജയ് ജഗദീഷ് ഹരേ , ജന ഗണ മന എന്നീ ഗാനങ്ങൾ ആലപിച്ചതിന് മേരി മിൽബെൻ പ്രശസ്തയാണ് . രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ആഘോഷത്തിൽ യുഎസിനെയാണ് മേരി പ്രതിനിധീകരിക്കുക.
Comments