തിരുവനന്തപുരം: കശ്മീർ വിഷയത്തിൽ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശം അപ്രതീക്ഷിതമായി ഉണ്ടായതാണെന്ന് തോന്നുന്നില്ലെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും ജലീലിന്റെ പരാമർശത്തിൽ വേദന തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പരാമർശങ്ങൾ യാദൃശ്ചികമോ അപ്രതീക്ഷിതമോ ആയി കണക്കാക്കാൻ തോന്നുന്നില്ല. ആചോലിച്ച് ഉറപ്പിച്ച് എഴുതിയതായാണ് മനസിലാകുന്നത്. ഏത് തരത്തിൽ പരാമർശിച്ചതായാലും സ്വീകരിക്കാൻ സാധ്യമല്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലാണെന്നുള്ളത് ഗൗരവതരമാണെന്നും എന്നാൽ ഈ ആഘോഷവേളയിൽ വിവാദ പരാമർശത്തെക്കുറിച്ച് കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ പിന്നീട് നടത്താമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കെ.ടി ജലീലിന്റെ ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പർമാർശങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും ജലീലിനെതിരെ മൂന്ന് പരാതികൾ നിലനിൽക്കുകയാണ്. വായിച്ചവർ തെറ്റിദ്ധരിച്ചുവെന്ന് പറഞ്ഞ് പരാമർശം പിൻവലിക്കാതെ തലയൂരാനായിരുന്നു മുൻമന്ത്രി ശ്രമിച്ചത്. അതുകൊണ്ട് തന്നെ വിവാദ പരാമർശത്തിൽ ക്ഷമചോദിക്കുകയോ അത്തരം പരാമർശം പിൻവലിക്കാൻ തയ്യാറാകുകയോ ചെയ്യാത്ത എംഎൽഎയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാർ വ്യക്തമാക്കുന്നു. ജലീലിനെതിരെ ഡൽഹിയിലും പരാതിയുണ്ട്.
Comments