പാലക്കാട്: ദേശീയ പതാകയോട് അനാദരവ് തുടർന്ന് സിപിഎം. സിപിഎം വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള റേഷൻ കടയിൽ ത്രിവർണ പതാക കെട്ടിയത് തലതിരിച്ച്. തരൂർ നെച്ചൂരിലാണ് സംഭവം.
അഞ്ചാം വാർഡ് മെമ്പർ സന്തോഷിന്റെ പേരിലുള്ള റേഷൻ കടയിലാണ് സംഭവം. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ദേശീയ പതാക ഉയർത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് റേഷൻ കടയിലും പതാക സ്ഥാപിച്ചത്. എന്നാൽ പതാക തിരിഞ്ഞു പോയി. സംഭവം കണ്ട ചിലർ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
മനപ്പൂർവ്വമാണ് ഇത്തരത്തിൽ തലകീഴായി ദേശീയ പതാക കെട്ടിയത് എന്നാണ് ഉയരുന്ന ആക്ഷേപം. പതാക കെട്ടുമ്പോൾ തന്നെ തലതിരിഞ്ഞ കാര്യം മനസ്സിലാകും. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും തലതിരിഞ്ഞുതന്നെ കെട്ടുകയായിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നിരുന്നു.
ദേശീയ പതാകയോട് സിപിഎം തികഞ്ഞ അനാദരവാണ് കാണിക്കുന്നത്. ഇന്നലെ ചെമ്മണാംപതിയിൽ പാർട്ടി കൊടിയ്ക്ക് താഴെ സിപിഎം പ്രവർത്തകൻ ദേശീയ പതാക കെട്ടിയിരുന്നു. ഇത് കൂടാതെ ദേശീയ പതാകയെ അപമാനിച്ചതായി മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും പരാതി ഉയർന്നിരുന്നു.
Comments