പാലക്കാട്: പാലക്കാട് മലമ്പുഴ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപിയെ പഴിചാരി സിപിഎം.കൊലപാതകത്തിന് പിന്നിൽ ആർഎസ്എസുകാരണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു കുറ്റപ്പെടുത്തി. കൊലയാളി സംഘത്തിൽപ്പെട്ട അനീഷും ശബരിയും നേരത്തെ പാർട്ടി വിട്ടവരാണെന്നും അവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണെന്നും ജില്ലാ നേതൃത്വം അവകാശപ്പെട്ടു.
എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർ എസ് എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പിന്നെ എങ്ങനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയാൻ പറ്റുകയെന്ന് അദ്ദേഹം ചോദിച്ചു.ഷാജഹാൻ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ പ്രതികൾ സിപിഎം അനുഭാവികളാണെന്ന വിവരം തെളിവ് സഹിതം പുറത്ത് വന്നതിന് പിന്നാലെയാണ് ആർഎസ്എസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. നേരത്തെ കൊലപാതകത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികൾക്കിടെ ആയിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായെത്തിയ സംഘങ്ങളാണ് ആക്രമണത്തിൽ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
Comments